അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാതമായ ദുഖം രേഖപ്പെടുത്തുന്നു

അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാമത് ബീവിയും 50-ഓളം പള്ളികളുടെ മുതവല്ലിയുമായിരുന്ന അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാതമായ ദുഖം രേഖപ്പെടുത്തുന്നതോടൊപ്പം ബീവിയുടെ പരലോകജീവിതം പ്രകാശപൂരിതമാവട്ടെ എന്ന് പ്രാർഥിക്കുന്നു.
മലയാളക്കരയിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിലെ രാജ്ഞിയും സാംസ്‌കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായിരുന്ന സുല്‍ത്താന്‍ അറക്കല്‍ ആദിരാജാ സൈനബ ആയിശാബിയുടെ വേർപാട് അറക്കൽ-കേയി കുടുംബങ്ങളുടെയും സാംസ്‌കാരിക കേരളത്തിന്റെയും തീരാനഷ്ടമാണ്.
ബീവി വാർദ്ധക്യസഹജമായ രോഗശയ്യയിലായിരിക്കെ സന്ദർശിക്കാൻ സാധിച്ചില്ലായിരുന്നെങ്കിലും സുഖവിശേഷങ്ങൾ കുടുംബവൃത്തങ്ങളുമായി നിരന്തരം ആരായുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു. പ്രായവും, വാർദ്ധക്യസഹജമായ അസുഖങ്ങളും വേട്ടയാടിയിരുന്നെങ്കിലും അവർക്കുണ്ടായിരുന്ന ഓർമശക്തി നമ്മെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അറക്കൽ മ്യൂസിയവുമായും ബീവിയുടെ മകൻ ആദിരാജ മുഹമ്മദ് റാഫിക്കയുമായും ബന്ധം സ്ഥാപിച്ചത് മുതൽ റോയൽ ട്രസ്റ്റുമായും സിറ്റി നിവാസികളുമായുമുള്ള ബന്ധം അഭേദ്യമായി തുടരുന്നു. ഈ ബന്ധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയുടെ അമരക്കാരൻ മുഹമ്മദ് റുഷ്ദിയും അറക്കൽ മ്യൂസിയത്തിലെ യാസർക്കയും മുൻ ഡിവൈഎസ്പി മജീദ് സാറും അഭിനന്ദനമർഹിക്കുന്നു.
കണ്ണൂരുകാരുടെ സാംസ്കാരിക കേന്ദ്രമായ സിറ്റിയിൽ പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിനായി മണി മുഴക്കുന്നതും കാത്തിരിക്കുകയാണ് സിറ്റി നിവാസികൾ. അറക്കൽ ബീവിയായി ചുമതലയേൽക്കുന്ന സുൽത്താൻ ഫാതിമ മുത്തുബീവിക്കും ആദിരാജക്കും ആശംസകൾ നേരുന്നതോടൊപ്പം സിറ്റിയുടെ നവസാംസ്കാരിക കേന്ദ്രമായി ഉയർന്നു വരേണ്ട അറക്കൽ മ്യൂസിയം കണ്ണൂരിന്റെ വികസന കുതിപ്പിനൊപ്പം ഉയർത്താനും മുതവല്ലി ഭരണം കൂടുതൽ ശാസ്ത്രീയമായി നടപ്പിൽ വരുത്താനും നാഥൻ തുണക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
അബൂബക്കർ അമാനി - 27/06/2020

Share :