ചില്ലറ പൈസയിലെ മതം

ഒരിക്കല്‍ ബ്രിട്ടിഷുകാരനായ ഒരു മുസ്‌ലിം ലണ്ടന്‍ പട്ടണത്തില്‍ തന്നെയുള്ള തന്‍റെ ജോലി സ്ഥലത്തിന്നടുത്തേക്ക് താമസം മാറ്റി. മിക്ക ദിവസങ്ങളിലും അയാള്‍ ജോലിക്ക് പോയിരുന്നത് ബസ്സിലായിരുന്നു. പുതിയ സ്ഥലത്ത് നിന്ന് ഒരു നിശ്ചിത സമയത്ത് യാത്ര ചെയ്യുന്നത് കൊണ്ട് സ്ഥിരമായി ഒരേ ഡ്രൈവറും ബസ്സുമായിരുന്നു അയയ്ക്കു ലഭിച്ചിരുന്നത്. ഒരിക്കല്‍ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് സീറ്റില്‍ വന്നിരുന്നപ്പോഴാണ് ഇരുപത് പെന്‍സ് കൂടുതല്‍ ഡ്രൈവര്‍ മടക്കികൊടുത്തതായി അയാളുടെ ശ്രദ്ധയില്‍ പെടുന്നത്. തന്‍റേതല്ലാത്ത പണം തിരിച്ച് നല്‍കുന്നതിനെ പറ്റി അയാള്‍ ഏറെ നേരം ചിന്തിച്ചു . ഇടക്ക് അയാളുടെ മനസ്സ് ഇങ്ങിനെ മന്ത്രിച്ചു” വളരെ ചെറിയ ഒരു തുക ഇത് തിരിച്ച് നല്‍കുന്നത് തന്നെ നാണക്കേടാണ്. യാത്രക്കാര്‍ക്ക് ബാക്കി ചില്ലറ നല്‍കാതെ ഇതിനെക്കാള്‍ വലിയ തുക ഡ്രൈവറുടെ കയ്യിലുണ്ടാകും. അയാള്‍ക്ക് ഒരു നഷ്ടവും ഈ ചെറിയ തുക കൊണ്ട് സംഭവിക്കാന്‍ പോകുന്നില്ല. ഇത് കയ്യില്‍ വെച്ചാല്‍ ഏതെങ്കിലും ഭിക്ഷക്കാരന്നു നല്‍കാം” ഇങ്ങിനെയൊക്കെ അയാള്‍ ചിന്തിച്ചെങ്കിലും അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിറുത്തിയപ്പോള്‍ ഡ്രൈവറുടെ കയ്യില്‍ ഇരുപത് പെന്‍സ് അയാള്‍ വെച്ച് കൊടുത്തു കൊണ്ട് ഇങ്ങിനെ പറഞ്ഞു: “ഇത് എനിക്ക് അര്‍ഹപ്പെടാത്ത ഇരുപത് പെന്‍സ്. ചില്ലറ തരുന്ന സമയത്ത് താങ്കള്‍ എനിക്ക് കൂടുതല്‍ തന്നതാണ്” പണം കയ്യില്‍ വാങ്ങി ഡ്രൈവര്‍ ഇങ്ങിനെ ചോദിച്ചു: “ ഈ പ്രദേശത്ത് അടുത്ത് താമസമാക്കിയ ഒരു മുസ്ലിമാണ് താങ്കള്‍ അല്ലെ? കുറെയായി ഇസ്‌ലാമിനെ പറ്റി അറിയാന്‍ ഏതെങ്കിലും മസ്ജിദില്‍ പോകണമെന്ന് ഞാന്‍ തീരുമാനിച്ചിരിക്കയായിരുന്നു. താങ്കള്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാന്‍ ബോധപൂര്‍വ്വം ഇരുപത് പെന്‍സ് ഞാന്‍ കൂടുതല്‍ തന്നതാണ്” ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അയാളുടെ കാലുകള്‍ തളരുന്നുവോ എന്ന്‍ അയാള്‍ക്ക് തോന്നി. വീണ് പോകുമോ എന്ന് ഭയപ്പെട്ടപ്പോള്‍ അയാള്‍ ഒരു തെരുവ് വിളക്കിന്‍റെ കാലില്‍ പിടിച്ച് നിന്നു. ആകാശത്തേക്ക് നോക്കി വിതുമ്പുന്ന ചുണ്ടില്‍ അയാള്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ നീ എന്നെ കാത്തില്ലായിരുന്നെങ്കില്‍ ഇരുപത് പെന്‍സിന്ന് ഞാന്‍ എന്‍റെ മതത്തെ വില്‍ക്കുമായിരുന്നു”
സുഹൃത്തുക്കളെ ഒരു ദിവസം എത്ര തവണ നാം നമ്മുടെ മതത്തെ വില്‍ക്കുന്നു?. ചിന്തിക്കുക!

#islam

http://aboobackeramani.com

http://fb.com/AboobackerAmani

http://twitter.com/AboobackerAmani

Connect with Me: